St. Thomas Church Aranattukaraതൃശൂര്‍ പട്ടണത്തിന്റെ തെക്കു പടിഞ്ഞാറായ സ്ഥിതി ചെയ്യുന്ന അരണാട്ടുകര പ്രദേശം തൃശൂര്‍ അതിരൂപതയിലെ ആദ്ധ്യാത്മികവും, വിശ്വാസപരവും ആയ കാര്യങ്ങളില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന ഒരു ഇടവകയാണ്‌. ശക്തന്‍ തമ്പുരാന്റെ ഭരണക്കാലത്ത്‌ കൊച്ചി രാജ്യത്തിന്റെ അഭിവൃദ്ധിക്കായി കുറച്ച്‌ ക്രിസ്‌ത്യന്‍ കുടുംബങ്ങളെ അരണാട്ടുകരയില്‍ കൊണ്ട്‌ വന്ന്‌ താമസിപ്പിച്ചു. അന്ന്‌ മുതല്‍ അരണാട്ടുകര പ്രദേശം ജനനിബിഡമായ ക്രിസ്‌ത്യന്‍ ശക്തി കേന്ദ്രം എന്ന നിലയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

1796 ല്‍ അരണാട്ടുകര കൊന്ത മാതാവിന്റെ പള്ളി കൊടുങ്ങല്ലൂര്‍ രൂപതയുടെ ഗോവര്‍ണ്ണദോര്‍ ഭരണത്തില്‍ കീഴില്‍ സ്ഥാപിതമായി. 1896 ല്‍ ഇടവക രണ്ടായി വിഭജിച്ച്‌ വി.സെബാസ്‌ത്യാനോസിന്റെ നാമധേയത്തില്‍ ഒരു പുതിയ പള്ളി കൂടി സ്ഥാപിക്കപ്പെട്ടു. 1964 ജൂലായ്‌ 3 ന്‌ രണ്ട്‌ പള്ളികളും സംയോജിപ്പിച്ച്‌ വി. തോമാസ്‌ശ്ലീഹായുടെ പള്ളി സ്ഥാപിതമായി.

നാല്‌ തിരുനാളുകളാണ്‌ പ്രധാനമായും ഈ ഇടവകയില്‍ ആഘോഷിക്കുന്നത്‌. ജനുവരി ആദ്യത്തെ ഞായറാഴ്‌ച കൊണ്ടാടുന്ന വി. സെബാസ്‌ത്യാനോസിന്റെ തിരുനാളാണ്‌ ഇടവകയിലെ ഏറ്റവും ആഘോഷമായത്‌. മറ്റൊന്ന്‌ മെയ്‌ മാസത്തിൽ നടത്തുന്ന വി. ഔസേപിതാവിന്റെ ലില്ലി തിരുനാളാണ്‌. അടുത്തതായി ആഘോഷിക്കുന്നത്‌ ഇടവക മദ്ധ്യസ്ഥനായ വി.തോമാസ്‌ശ്ലീഹായുടെ തിരുനാളാണ്‌. ജൂലായ്‌ 3 ന്‌ ആഘോഷിക്കുന്ന ഈ അവസരം ഇടവക ദിനവും കൂടി ആയി ആചരിക്കുന്നു. മറ്റൊന്ന്‌ ഒക്‌ടോബര്‍ മാസം ആഘോഷിക്കുന്ന പരിശുദ്ധ കൊന്ത മാതാവിന്റെ ദര്‍ശന തിരുനാളാണ്‌.

ദൈവവിളിയുടെ വിളനിലമായിരുന്നു അരണാട്ടുകര. വൈദികരും, ബ്രദേഴ്‌സും, സന്യാസിനികളുമായി ഒട്ടേറെപ്പേർ യേശുവിന്റെ മുന്തിരിതോപ്പില്‍ ജോലി ചെയ്യുന്നുണ്ട്‌. മതസൗഹാര്‍ദ്ദത്തിന്റെ മകുടോദാഹരണമായ പ്രദേശമാണ്‌ അരണാട്ടുകര.ഹിന്ദുക്കളും, ക്രിസ്‌ത്യാനികളും എകോദര സഹോദരന്‍മാരായാണ്‌ കാലങ്ങളായി കഴിഞ്ഞുവരുന്നത്‌.

സാഗര്‍ രൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോസഫ്‌ പ്ലാസ്റ്റര്‍ നീലാങ്കാവിലും, ഇപ്പോഴത്തെ സാഗര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്റണി ചിറയത്തും ബിഷപ്പുമാരായതു തന്നെ അരണാട്ടുകര ഇടവകക്കുള്ള ദൈവവിളിയുടെ അംഗീകാരമാണ്‌.

പൂര്‍വ്വകാല ചരിത്രത്തിലെ നല്ല ഭാഗങ്ങളെ ഉള്‍കൊണ്ട്‌ കൊണ്ട്‌ ഈ ഇടവക ഇനിയും ഉത്തരോത്തരം പ്രശോഭിക്കുമെന്ന കാര്യം അവിതര്‍ക്കിതമാണ്‌. കേരള സഭയിലെ ഒരു ഒന്നാംതരം ഇടവകയായി അരണാട്ടുകര ഇപ്പോഴും പ്രശോഭിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്‌.