പള്ളിയുള്ളേടത്തൊക്കെ പള്ളിക്കുടം ഉണ്ടായിരുന്നതായി നാം അറിയുന്നുണ്ട്. അരണാട്ടുകരയിലും അതുതന്നെയായിരുന്നു സ്ഥിതി. 1796 ല്‍ അരണാട്ടുകര പള്ളി സ്ഥാപിച്ചപ്പോള്‍, പള്ളിക്കൂടം തുടങ്ങുവാന്‍ അധികം താമസമുണ്ടായില്ല. പക്ഷേ ഇന്നത്തെ ആധുനിക സ്കൂള്‍ ആയിരുന്നു എന്ന് സങ്കല്പിക്കരുത്.
അരണാട്ടുകരയിലെ വലിയങ്ങാടിയുടെ മദ്ധ്യത്തിലും പടിഞ്ഞാറെ അങ്ങാടിയുടെ തെക്കുഭാഗത്തായി പണ്ട് സ്ഥിതി ചെയ്തിരുന്ന രണ്ട് സമൂഹം വക എഴുത്തുപള്ളികളായി ഇന്നാട്ടിലെ ആദിമ വിദ്യാലയങ്ങള്‍. ഇവയില്‍ പഠിപ്പിച്ചിരുന്നത് പണിക്കരാശാരന്മായിരുന്നു എഴുത്തും വായനക്കും പുറമെ ക്രിസത്യാനികളുടെ മൂപ്പത്തിമൂന്നുകൂട്ടം നമസ്ക്കാരങ്ങളും അവര്‍ പഠിപ്പിച്ചിരുന്നു.
1886- ല്‍ ആണ് ഇംഗ്ലീഷ് വിദ്യാഭ്യാസം വലിയങ്ങാടി സമൂഹം എഴുത്തുപള്ളിയില്‍ ആദ്യമായി ആരംഭിച്ചത്. പ്രധാന ധനാഗമമാര്‍ഗ്ഗം ഇടവകക്കാരില്‍ നിന്നും മാസം തോറും പിരിച്ചു പോന്നിരുന്ന സ്കൂള്‍ ഫീസ് ആയിരുന്നു. 1890 മുതല്‍ അന്നത്തെ ദിവാന്‍ജി സുബ്രഹ്മണ്യന്പ്പിള്ള പ്രസ്തുത എഴുത്തുപള്ളിക്ക് 3 രൂപ മാസം തോറും ഗ്രാന്റ് അനുവദിച്ചു. അതോടുകൂടി അതൊരു പബ്ലിക്ക് സ്കൂളായി പരിണമിച്ചു. അങ്ങനെ അക്രസ്തവര്ക്ക് കൂടി പ്രവേശനം ലഭിക്കുകയും ചെയ്തു.
1892 ലെ മസൂരി കാലത്ത് പ്രസ്തുത എഴുത്തുപള്ളി ഇന്നത്തെ എല്‍.പി. സ്കൂളിന്റെ വടക്കുഭാഗത്തുണ്ടായിരുന്ന ഊട്ടുപുരയിലേക്ക് മാറ്റി സ്ഥാപിച്ചു. അന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചാണ് പഠിച്ചിരുന്നത്. പിന്നീട് 1901- ല്‍ പെണ്‍കുട്ടികള്‍ക്കായി ഇന്നത്തെ “അരണാട്ടുകര കുറീസ്” കെട്ടിടത്തില്‍ ഒരു സ്കൂള്‍ തുടങ്ങുകയും ചെയ്തു. പിന്നീട് ഈ ഗേള്‍സ് സ്കൂള്‍ വടക്കോട്ടുമാറ്റി സ്ഥാപിച്ചു. അത് ഇന്ന് ഗവണ്മെന്റ് യു.പി.സ്കൂള്‍ ആയി തീര്‍ന്നിരിക്കുന്നു. പ്രസ്തുത സ്കൂളിനുള്ള സ്ഥലം സ്കൂളില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയതാണ്.
1905- ല്‍ സ്കൂള്‍ ഊട്ടുപുര തീരെ പൊളിച്ചുമാറ്റി. പ്രസ്തുത സ്ഥാനത്ത് ഇന്നത്തെ തരകന്‍സ് എല്‍.പി.സ്കൂള്‍ ഒന്നര കൊല്ലം കൊണ്ട് പണി കഴിപ്പിച്ചു. ഇതിനുവേണ്ടി അശ്രാന്ത പരിശ്രമം നടത്തിയത് ശ്രീ. ചിറമ്മല്‍ അന്തോണി തരകനായിരുന്നു. ഈ ഒന്നര വര്‍ഷം സ്കൂള്‍ നടത്തിയിരുന്നത് അന്ന് സ്കൂള്‍ പറമ്പിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ടായിരുന്ന ശ്രീ. ചിറമ്മല്‍ ചാക്കുണ്ണി തരകന്റെ പഴയ ഗൃഹത്തിലായിരുന്നു.
1907 സ്കൂള്‍ പണി പൂര്‍ത്തിയാകുകയും അന്നത്തെ വികാരി അപ്പസ്തോലിക്കയായിരുന്ന നിതാന്ത വന്ദ്യ ദിവ്യ ശ്രീ.ജോണ്‍ മേനാച്ചേരി മെത്രാനച്ചന് തിരുമനസില്‍ നിന്ന് അതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
അതിന്റെ സ്മരണക്കായി ഈ സ്ഥാപനത്തിന് അന്ന് “സെന്റ് ജോണ്‍സ്” സ്കൂള്‍ എന്ന് നാമകരണം ചെയ്തു. 1911 ല്‍ പ്രമറി ക്ലാസുകളില്‍ ഇംഗ്ലീഷ് പഠിക്കാന്‍ ഫീസ് വേണമെന്ന നിയമം വന്നപ്പോള്‍ പ്രസ്തുത സ്കൂള്‍ ആണ്‍കുട്ടികള്‍ക്കായുള്ള വെറുമൊരു മലയാള സ്കൂളായി രൂപാന്തരപ്പെട്ടു.